Thursday, January 17, 2008

പ്രണയ വേനല്‍





പകുത്തു തന്നതാം പകുതി മാനസം
തിരിച്ചു തന്നിനി മറവതെങ്ങു നീ.
വരണ്ട കണ്ണിലേക്കിറങ്ങി നില്‍ക്കുമീ
മെലിഞ്ഞ കാഴച തന്നകപ്പെരുക്കത്തില്‍
വിളിച്ചലറി ഞാനിരിക്കവെ, വെയില്‍
ത്തിടുക്കമെറി ഞാന്‍വിയര്‍ക്കവെ, നിഴ-
ലുടുത്തു സന്ധ്യയെന്‍മിഴിക്കുമപ്പുറം
വിളിക്കുമപ്പുറം ചരിക്കവെ, പുരാ-
മൊഴികള്‍വീണിടം വികലബോധത്തിന്‍
തുരുമ്പു താളുകളുടഞ്ഞു കാണവെ…

പ്രണയ വേനലിന്‍ തണല്‍മരങ്ങളില്‍
നിഴലുമീര്‍പ്പവുമുണഞ്ഞിയീറനാം-
മൊരൊര്‍മ്മ തന്‍പഴയിലകളായി നാം
അടര്‍ന്നു വീഴുന്ന വിഷാദമെങ്കിലും
കിനാവൊരുഞ്ഞുന്ന സുഷുപ്തിയില്‍
വിഷം കുടിച്ചുറങ്ങുവാന്‍കൊതിക്കും നിന്നെ ഞാന്‍
വിളിക്കെ, യുള്‍വിളിയലകടലിന്റെ
വിറയ്ക്കും ഭിത്തിമേലുടഞ്ഞു വീഴുവേ.

അഗാധനീലിമ കടംകൊള്ളും നിന്റെ
തുളുമ്പും നാരായമെടുത്തെഴുതുവാന്‍
കൊതിക്കെ നിന്‍നീല നിമീലിത മിഴി-
ക്കകത്തെ നക്ഷത്രം വെളിച്ചം കാട്ടുന്നു.

മഴവിരലുകള്‍ പനിച്ച നെറ്റിയില്‍
കുറിച്ചു വയ്ക്കുമീ ശ്ലഥാക്ഷരങ്ങളെ
നിനക്കു വേണ്ടി ഞാന്‍പെറുക്കി വയ്ക്കുന്നു.

കരിഞ്ഞ ചില്ലയില്‍ വസന്തശോണിമ
തിരികെയെതുവാന്‍ ഒരിക്കല്‍കൂടി ഞാന്‍
കവിത കോര്‍ക്കുന്നു.