Saturday, September 13, 2008

സൂചീമുഖത്ത് വെറുതെ...


















നീ ഒരു പൂവിന്റെ
പേരായിരുന്നില്ല
നദിയുടെ
നാണമോ
മഴഗന്ധമോ
മഴവില്‍ച്ചിലമ്പോ
അല്ലായിരുന്നു.

ഇലഞരമ്പില്‍
നിന്റെ പച്ചക്കിനാവുകള്‍
ആകാശത്ത്
അക്ഷരപ്പാടുകള്‍
നിറയെ.

തൊടുകുറിച്ചാന്ത്
തൊട്ടില്ല നീ
മഹാമൌനങ്ങളില്‍
കാറ്റായ് പകര്‍ന്നീല നീ
പകുതി വഴി
പകുത്ത്
പഴയിലകളില്‍ ഒന്നും
എഴുതി വച്ചില്ല നീ

കടല്‍ കരയോടു
പറഞ്ഞത്
നഭസ്സ് മുകിലോട്
ചൊന്നത്
നീ എന്നോട്
ഒരിക്കലും പറയാത്തത്
ഓര്‍ത്തു പോകുന്നു ഞാന്‍
വെറുതെ.

നീ ഒരു പൂവായിരുന്നില്ല.
നിറങ്ങള്‍
പുഴു കുത്തിയ
സ്വപ്നമായിരുന്നില്ല

ഞെട്ടറ്റു വീണ ഒരോര്‍മ്മ
വിറച്ചു പായുമ്പോള്‍
വെറുതെ പിടയ്ക്കുന്നു
എന്റെ
സമയസൂചികള്‍
ഹൃദയസൂചികള്‍