Sunday, October 12, 2008

പരദേശി



നാട്ടിലേക്കു മടങ്ങുമ്പോള്‍
ഒരു കൊതിക്കനം
നെഞ്ചില്‍.

പച്ചക്കാവടിയാട്ടം
പൂരപ്പകല്‍
വേലപ്പുകില്‍
മഴനൂല്‍ത്തിറയാട്ടം
കണ്‍നിറയേ
കാതറിയേ.

വീട്ടിലേക്കു പുറപ്പെടുമ്പോള്‍
ഒരു പൊതിക്കനം
കയ്യില്‍
നഷ്ടരാത്രികളുടെ
ജന്മത്തുകില്‍ത്തൂക്കം
നക്ഷത്രദൂരം.

കുഞ്ഞിവായ്ക്ക്
മിഠായിമധുരം.
അമ്മ വായ്ക്ക്
മരുന്നിന്‍
മൃതസഞ്ജീവനി.
ചെപ്പിലടച്ച
ഊദിന്‍ ഭൂതാവേശം
കൊമ്പ് കുലുക്കുന്നു
കിനാച്ചില്ലമേല്‍.
മുകില്‍ശയ്യയില്‍
നിന്റെ കാര്‍മേഘ
പെയ്ത്തുകള്‍.

വണ്ടിയിറങ്ങുമ്പോള്‍
വഴിയറിയുന്നില്ല
വീടറിയുന്നില്ല.
ഉപ്പുകാറ്റിന്‍ തലപ്പത്ത്
തെങ്ങോലക്കളിയാ‍ട്ടം
വഴികാട്ടുന്നു
ദൂരെ.. ദൂരെ…