Friday, September 19, 2008
സുസന്ന
( 2001 ല്‍ പുറത്തിറങ്ങിയ ടി.വി ചന്ദ്രന്റെ
സൂസന്ന എന്ന സിനിമ പകര്‍ന്നു തന്ന
ദൃശ്യാനുഭവത്തില്‍ നിന്ന് )
സൂസന്നാ
നീ ചിരിക്കുകയായിരുന്നു.
വേദനയുടെ അമാവാസികളില്‍
വാതായനങ്ങളും തുറന്നു വച്ച്
നക്ഷത്രങ്ങളെ മുലയൂട്ടി,
മുറി നിറയെ മെഴുകുതിരികള്‍
കത്തിച്ചു വച്ച്,
വേനല്‍ മഴ പോലെ
പള്ളിമണികള്‍ പോലെ
നീ പൊട്ടിച്ചിരിക്കുകയായിരുന്നു.
മരുഭൂമിയിലെ കത്തുന്ന വെയിലത്ത്
മഹാവൃക്ഷമായി
ചിറകൊടിഞ്ഞ പറവകള്‍ക്ക്
കൂടൊരുക്കുകയായിരുന്നു.
കാറ്റത്തു കൊഴിഞ്ഞു വീണ
അഞ്ചിലകള്‍ക്ക്
സ്നേഹത്തിന്റെ ഹരിതകം
പകര്‍ന്നു നല്‍കി
നീ നഗ്നയാവുകയായിരുന്നു.
നിന്റെ പുതപ്പിനുള്ളില്‍
ശീതം കാഞ്ഞ്
നിന്റെ നനവുകളില്‍
മുഞ്ഞിക്കുളിച്ച്
നിന്റെ മടിത്തട്ടില്‍
കിടത്തിയുറക്കി
സൂസന്നാ
നീ ഋതുദേവതയാവുകയായിരുന്നു.
നീ സ്നേഹത്തിന്റെ കനിയായിരുന്നു
പാപികള്‍ കല്ലെറിഞ്ഞു
മുറിവേല്‍പ്പിച്ച
പാപത്തിന്റെ കനിയായിരുന്നു.
എറിയുവാന്‍
ഒരു കല്ലു കിട്ടിയിരുന്നെങ്കില്‍
സൂസന്നാ നിന്നെയെനിക്കു
സ്വന്തമാക്കമായിരുന്നു.
Subscribe to:
Posts (Atom)