Monday, December 8, 2008

അനന്തരം ഒരു പ്രണയാകാശം


വിരഹത്തിന്റെ കൊടും ചൂടില്‍ നിന്ന് യക്ഷന്‍ അളകയിലുള്ള തന്റെ പ്രിയതമയ്ക്ക് അയയ്കുന്ന പ്രണയ സന്ദേശത്തിനു (മേഘസന്ദേശത്തിനു) ലോകഭാഷകളില്‍ത്തന്നെ നിരവധി പാഠാന്തരങ്ങളും പുനസൃഷ്ടികളുമുണ്ടായിട്ടുണ്ട്. എത്ര തവണ ആവര്‍ത്തിച്ചാലും ഈ ഭൂമിയില്‍ പിന്നെയും പിന്നെയും പ്രണയം പൂത്തു വിടരുന്നപോലെ കാളിദാസഭാവനയുടെ രക്തസിന്ദൂരമായ മേഘഛായകളും തരുണമനസ്സുകളെ എന്നെന്നും പ്രണയസാന്ദ്രമാക്കുന്നു.

കാളിദാസന്റെ മേഘസന്ദേശത്തിന്റെ വായനാനുഭവത്തില്‍ നിന്ന്)




ഒന്ന്
ഭ്രമണവേഗം പോലെ കണ്ണിലുല്‍ക്കകള്‍ ‍പെയ്യുന്ന
സൌരയൂഥ പ്രണയ ഗമനങ്ങളില്‍
വിക്ഷുബ്ധമായ് തീക്ഷ്ണമുന്മാദ മേഘങ്ങളില്‍
നീയറിയാത്തതും,
ഞാനിതുവരെ പറയാത്തതുമായ വാക്കുകള്‍
വിരഹക്കൊടും ചൂടിലിന്നെന്തിനൊ വേണ്ടി
പകര്‍ത്തുന്നു ഞാന്‍.

ഘനീഭൂതമോര്‍മ്മകള്‍,
ദൂരെ നിന്‍ കൈവഴികള്‍ തേടി
കാറ്റിനോടോപ്പം കുതിക്കയും
പ്രത്യായനം കാത്ത് കണ്ണുകള്‍
കാഴ്ച തന്‍ പടിവാതിലോളം നടക്കയും
ഋതുശോഭകള്‍ പൂത്തു മറയുന്ന സാനുവില്‍
വിജനതയില്‍, വന്യമാം സംന്ത്രാസ-
മെന്നിന്‍ തറയ്ക്കയും
ഞാനെന്തിനെന്നറിയാതെ
അലറി വിളിക്കയും ചെയ്യുന്നു.

ക്രൌര്യം പടര്‍ത്തും കൊടുംവെയില്‍
തൃഷ്ണതന്‍ തീനാളമാളിപ്പിടയുന്ന മാനസം
ശമനിയമങ്ങള്‍ തകര്‍ത്തെന്റെ കണ്ണുകള്‍
നിന്നെയെങ്ങോ തിരയുന്നു.
നിമിഷനേരംകൊണ്ട് ദിക്കാല സംജ്ഞകള്‍
കണ്‍മുന്നില്‍ പൊട്ടിത്തകര്‍ന്നു വീഴുന്നു.
ദൂരങ്ങള്‍ താണ്ടുവാനാ‍കാതെ,
നിന്റെ വഴിയറിയാതെ
വാക്കുകള്‍ വായുവിന്‍ ഘനമൂകതയ്ക്കുള്ളില്‍ മറയുന്നു
എന്റെ യക്ഷനിശ്വാസങ്ങള്‍ മേഘരൂപം പൂണ്ട്
അളകയില്‍ യാത്രയ്ക്കൊരുങ്ങി നില്‍ക്കുന്നു
ത്ധടുതിയില്‍ പറയുന്നു:
‘സന്ദേശമെന്താണ്‍ പറയൂ'
പോകേണ്ട വഴി തിരയ്ക്കുന്നു.

രണ്ട്
ബോധങ്ങളില്‍ തമോഗര്‍ത്തങ്ങളാടുന്നു
ചിതാകാശ മണ്ഡലം പൊട്ടിത്തെറിക്കുന്നു
ചിലന്തി വലപോലെ നീര്‍ത്തിട്ടിരിക്കുന്ന
നവ ഭൂ‍പടങ്ങളില്‍
എന്റെ അടയാള വാക്യങ്ങളെവിടെ ?
തണുവിരല്‍ത്ത‍ലോടലായ് നുരയുന്ന കനിവിന്റെ
സ്നേഹപ്രവാഹങ്ങളെവിടെ ?
ഓര്‍മ്മ തന്‍ കാറ്റനക്കങ്ങളില്‍ പൂക്കുന്ന കണ്ണും
തുടു സന്ധ്യകള്‍ കടുംതുടി കൊട്ടിയുണരും
കിനാവിന്‍ മഹാകാളവും
എവിടെ മാളവത്തിന്നൂഴി വാനങ്ങളില്‍
കവിതയായ് ചിറകടിക്കും ശ്യാമ മേഘങ്ങളും?

നഗരരാത്രി തന്‍ തീ നിലാവത്ത്
വില്‍ക്കുവാനായി വച്ച തുടുത്ത മാംസത്തിന്‍
പ്രദര്‍ശനാലയം
കണ്ണിറുക്കിയിന്നാരെ വിളിക്കുന്നു?
ആള്‍ത്തിരക്കില്‍ ഞാനാകെ പകച്ചു നില്‍ക്കുന്നു.
പലനിറങ്ങളില്‍ നടനമാടുന്ന
ഉള്ളിലൂറാത്ത പ്രണയനാടകം
രുചിച്ചെറിയുന്ന വഴിക്കവലയില്‍
തനിച്ചു നില്‍ക്കുമ്പോള്‍
വിളിക്കയാണു ഞാന്‍ വീണ്ടുമെന്നിലെ
കരള്‍ത്തിളപ്പിക്കും കനലുമായി നീ
വരിക മേഘമേ,

ധൂമസലില മരുതമായ്
എന്റെ പ്രണയ വാനില്‍ നീ
വരിക മേഘമേ
തരികവീണ്ടുമാ സ്മൃതിപ്പകര്‍ച്ചകള്‍.