Friday, August 15, 2008

പരകായ പ്രവേശം

ഒന്ന്
ഒരു സമയത്ത്
എനിക്കൊരു കൂട്ടുകാരന്‍ മാത്രം മതി.
ഒരു പറ്റം കൂട്ടുകാര്‍ക്കിടയില്‍
നി‍ല്ക്കുമ്പോള്‍
‍നോട്ടങ്ങളാല്‍ വേട്ടയാടപ്പെട്ട്
വാക്കുകളാല്‍ ആക്രമിക്കപ്പെട്ട്
ശത്രുവിനാല്‍ ചുറ്റപ്പെട്ട യുദ്ധഭൂമിയെന്ന പോലെ
ഞാന്‍ നിസ്സഹായനാവുന്നു.

നുണയും അശ്ലീലവും നുണഞ്ഞ്
പൊട്ടിച്ചിരിയുടെ രസതന്ത്രങ്ങള്‍
‍പത്മവ്യൂഹം ചമച്ചു തുടങ്ങുമ്പൊള്‍
‍ഇന്ദ്രീയങ്ങളെല്ലാം പിന്‍വലിച്ച്
ഗര്‍ഭപാത്രത്തിന്റെ അഭയത്തിലേക്കു
എനിക്കൊളിച്ചൊടേണ്ടി വരുന്നു.
അതുകൊണ്ട് എനിക്കൊരു സമയത്ത്
ഒരു കൂട്ടുകാരന്‍ മാത്രം മതി.

രണ്ട്
ഒരു പറ്റം കൂട്ടുകാര്‍ക്കിടയില്‍ ‍നില്‍ക്കുന്നത്
ഒരു കൂട്ടം വേശ്യകള്‍ക്കു
നടുവില്‍ നില്‍ക്കുന്നത് പോലെയാണ്
അകവും പുറവും അറിയുമ്പോഴേക്കും
സ്ഖലിച്ച് തീര്‍ന്നവന്റെ
വികാരശൂന്യമായമടുപ്പിലേക്ക്
അതു നമ്മളെ കൊണ്ടു പോകുന്നു.
അതു കൊണ്ട് എനിക്കൊരു സമയത്ത്
ഒരു കൂട്ടുകാരന്‍ മാത്രം മതി.
അവന്റെ കിനാവിനു ചിറകു കൊടുത്തും
കുമ്പസാരങ്ങള്‍ക്ക് കാതു കൊടുത്തും
പൊറുത്തും വെറുത്തും
ഒപ്പം നടക്കാന്‍
എനിക്കൊരു കൂട്ടുകാര്‍ന്‍ മാത്രം മതി
മൂന്ന്
ഒരു പറ്റം കൂട്ടുകാരൊ
ഒരു കൂട്ടുകാരന്‍ പോലുമൊ എനിക്കില്ല
അതുകൊകൊണ്ടാണ്
തുരുമ്പ് പിടിച്ച സ്വപ്നത്തിലേക്കും
പ്രണയത്തിലേക്കും
കവിതയുമായി ഞാന്‍ വെറുതെ
പരകായ പ്രവേശം ചെയ്യുന്നത്.