Thursday, July 31, 2008

അമാനുള്ള എപ്പോഴും നമുക്കിടയിലുണ്ട്‌

(യു.എ.ഇ യില്‍ പല സാഹചര്യങ്ങള്‍ക്കിടയിലും പെട്ടു ദുരിതമനുഭവിക്കുന്ന നിസ്വരായ മനുഷ്യര്‍ക്കിടയില്‍ സ്നെഹത്തിന്റെയും ആശ്വാസത്തിന്റെയും സഹായഹസ്ത്വുമായെത്തുന്ന അമാനുള്ള എന്ന മനുഷ്യനെക്കുറിച്ച് മലയാളിയെക്കുറിച്ച്)

യു.എ.ഇയിലെ ഓരോ ജയിലറകള്‍ക്കും പരിചിതമാണ്‌ അമാനുള്ളയുടെ പേര്‌. അമാനുള്ള ഒരിക്കലും ജയിലില്‍ കിടന്നിട്ടില്ല. എന്നിട്ടും ഇരുട്ടു നിറഞ്ഞ ഒരോ ജയില്‍ ചുമരുകളിലും അജ്ഞാതരായ തടവുകാരാല്‍ അമാനുള്ളയുടെ പേരും 050-7262997 എന്ന മൊബൈല്‍ നമ്പറും കോറിയിടപെട്ടു. ചെറിയ കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവരും ക്രിമിനല്‍ കേസില്‍ പെട്ടവരും കെണിയില്‍ കുടുങ്ങി വേശ്യയാകേണ്ടി വന്ന പെണ്‍കുട്ടികളുമൊക്കെ ആദ്യം വിളിക്കുന്നത്‌ അമാനുള്ളയേയാണ്‌. ഒരു രക്ഷകനെ എന്ന പോലെ.

അമാനുള്ള എന്നാല്‍ രക്ഷകന്‍ എന്നണര്‍ത്ഥം. സ്നേഹഭാവത്തില്‍ മാത്രം എല്ലാവരോടും ഇടപഴകുന്ന ഉമ്മയിട്ടതാണ്‌ ഈ പേര്‌. ഭിക്ഷക്കാര്‍ക്കു പോലും വീട്ടില്‍ ഇടം കൊടുക്കാന്‍ മനസ്സു കാട്ടിയിരുന്ന ഉമ്മ എന്തിനാണ്‌ തനിക്കിങ്ങനെയൊരു പേരിട്ടതെന്ന് അമാനുള്ള ചെറുപ്പം മുതലേ ഓര്‍ക്കാറുണ്ടായിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ ഉമ്മയുടെ മരണത്തിനു ശേഷം മനസ്സ്‌ പലപ്പോഴായി സ്വയം ചോദിച്ചു കൊണ്ടിരുന്നതും ഇതു തന്നെയായിരുന്നു. "ചോദ്യങ്ങള്‍ ഒരുപാടുണ്ട്‌. ഉത്തരങ്ങള്‍ക്കാണു വിഷമം. ഉത്തരങ്ങള്‍ ആരുതരും . അതു പറ" എന്ന് വൈക്കം മുഹമ്മദ്‌ ബഷീര്‍ ചോദിച്ചതുപോലെ അമാനുള്ളയും ചോദിച്ചു പോകുന്നു. ഉത്തരം ആരു തരും? ഉത്തരം ആരും തരില്ല. അതായിരുന്നു ശരിക്കുള്ള ഉത്തരമെന്നു പിന്നീടാണ്‌ മനസ്സിലായത്‌. ജീവിതവും അതുണ്ടാക്കുന്ന ചോദ്യത്തിന്റെ ഉത്തരവും സ്വയം കണ്ടെത്താനുള്ളതാണെന്ന് അമാനുള്ള തിരിച്ചറിഞ്ഞത്‌ സ്വന്തം ജീവിതത്തിലൂടെ തന്നെയായിരുന്നു.

പ്രണയം/ വായന
തിരുവനന്തപുരത്ത്‌ ഇക്‌ബാല്‍ കോളേജില്‍ പഠിക്കുമ്പോള്‍ മനസ്സില്‍ കൂടിയ പ്രണയം ഉള്ളില്‍ മൂത്തു കൂര്‍ത്തു നിന്നു. ഉള്ളിന്റെയുള്ളു പൊട്ടിത്തകര്‍ന്നു! ഒരു വണ്‍ വേ പ്രണയത്തിന്റെ ആലംബഹീനമായ തകര്‍ച്ച. മനസ്സ്‌ താറുമാറായി. ഞാനെന്ത്‌ എന്ന ചോദ്യം. ഞാനെന്തിനു വേണ്ടി എന്ന ചോദ്യം മനസ്സു തന്നോടു തന്നെ ചോദിച്ചു കൊണ്ടിരുന്നു. പ്രണയത്തിനും സ്നേഹത്തിനും അനാഥത്വത്തിനുമപ്പുറം അന്തര്‍മുഖത്വത്തിന്റെ കുരുടന്‍ കുമിളകളായി ജീവിതം കനമറ്റു പോകുന്നതു പോലെ . തീരെ നിരര്‍ത്ഥകമായി തീരുന്നതു പോലെ തോന്നി. അപ്പോഴാണ്‌ വായന അഭയം തന്നത്‌. വായനയില്‍ ബര്‍ട്രന്റ് ‌ റസ്സല്‍ കടന്നു വന്നു സ്വാധീനിച്ചു. വായന മതത്തിനപ്പുറം സ്നേഹത്തിന്റെ ഹൃദയഭൂമി കാണിച്ചു തന്നു. ജീവിതത്തില്‍ യുക്തികൊണ്ടളക്കാവുന്ന ഇടങ്ങളുണ്ടെന്നു കാട്ടിത്തന്നതും വായനയായിരുന്നു. മനസ്സ്‌ പലപ്പോഴും ദുര്‍ബലമായിരുന്നു. കാഴ്ചകള്‍ കണ്ണു നനച്ചിരുന്നു. ദുര്‍ബലമായ മനസ്സ്‌ കരുത്തിനു വേണ്ടി ദാഹിച്ചു. കൈയെഴുത്തു മാസികയും നാടകം കളിയും കുറച്ചു മാത്രം ഉള്‍ബലം തന്നു. ആര്‍ദ്രത ഉള്‍ബലം കെടുത്തുമ്പോഴൊക്കെ അമാനുള്ള ജ്യേഷ്ഠനെ ഓര്‍ത്തു. 1967 കാലത്ത്‌ ദുബായില്‍ നിന്ന് മരുഭൂമിയിലൂടെ അബുദാബിയിലേക്ക്‌ പോകുമ്പോള്‍ കാണാതായി എന്നു കേട്ടറിവ്‌. ആറേഴു പേരുണ്ടായിരുന്നു പോലും സംഘത്തില്‍. അവരെ പിന്നെ ആരും കണ്ടിട്ടില്ല. ജ്യേഷ്ഠന്‍ കരുത്തായിരുന്നു. അറിയാവുന്നവരൊക്കെയും ജ്യേഷ്ഠനെ ഓര്‍ക്കുന്നത്‌ അങ്ങനെയാണ്‌. ചെയ്യാന്‍ കഴിയുന്നതുമാത്രം ജ്യേഷ്ഠന്‍ പറഞ്ഞു. പറഞ്ഞത്‌ മുഴുവനായും ചെയ്യാന്‍ ശ്രമിച്ചു. എനിക്കു ജ്യേഷ്ഠനെ പ്പോലെയാകാന്‍ കഴിഞ്ഞില്ല. എങ്കിലും ദുര്‍ബലത മറികടന്ന് എന്നെ വ്യക്തിത്വപ്പെടുത്താതെ നിവൃത്തിയില്ലാതെയായി. ഞാനെന്തിന്‌ എന്ന ചോദ്യം ചോദ്യമായി തന്നെ നിന്നു.

ജ്യേഷ്ഠനെ കാണാതായ അതേ മണ്ണിലേക്ക്‌ ഞാന്‍ വന്നത്‌ 1976ലാണ്‌. ഇവിടത്തെ മണ്ണിലും മണല്‍‌ക്കാറ്റിലും ജ്യേഷ്ഠന്റെ അദൃശ്യ സാന്നിധ്യമുണ്ടെന്നു ഞാന്‍ വിചാരിച്ചു. ഈ മണല്‍പരപ്പില്‍ കാണാതാവുന്ന ഓരോ മുഖങ്ങളും ആരുടെയൊക്കെയോ പ്രിയപ്പെട്ടവരാണ്‌. അവരൊക്കെ എവിടെയോ മറഞ്ഞിരിപ്പുണ്ടെന്നു വിശ്വസിച്ചു. ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നു പോലും തീരുമാനിക്കപ്പെടാത്ത കാത്തിരിപ്പിന്റെ വേദനിപ്പിക്കുന്ന അനാഥസ്ഥായിയാണത്‌. കണ്ണീരില്‍ നിന്ന് മറവിയിലേക്കുള്ള കാലമെറിയുന്നതു വരെയുള്ള ഒരോര്‍മ്മ. ദുബായിലെത്തിയിട്ട്‌ ഇപ്പോള്‍ 34 വര്‍ഷമായി. ഇവിടത്തെ മണ്ണും മനസ്സും തന്ന അറിവുകള്‍ ഒരുപാടാണ്‌. തൊഴില്‍ കുടിയേറ്റം കൂടി. പ്രശ്നങ്ങളും സങ്കീര്‍ണ്ണതകളും കൂടി. മലയാളികളുടെ പഴയ മനസ്സും ലോകത്തിന്റെ സ്വഭാവവുമെല്ലാം മാറി. നഗരവും നഗരമുഖങ്ങളും മാറി. തൊട്ടടുത്തുള്ളവനെ പോലും അറിയാതെയായി. ആരുമാരെയുമറിയാതെ അവനവനില്‍ തന്നെയൊടുങ്ങുന്ന സുഖഭോഗങ്ങളായി ജീവിതവും സങ്കല്‍പങ്ങളും വഴിവിട്ടു പോയി.

ആദ്യത്തെ ജോലി
പണ്ടു കാലത്ത്‌ ഒരാള്‍ നാട്ടില്‍ നിന്നെത്തിയാല്‍ അയാള്‍ക്കു ജോലി സംഘടിപ്പിച്ചു കൊടുക്കേണ്ടതു പരിചിതരായ ഒാരോരുത്തരുടെയും ഉത്തരവാദിത്വമായിരുന്നു. അങ്ങനെ ഒരു കമ്പനിയില്‍ ടൈപിസ്റ്റായി എനിക്കും ജോലി കിട്ടി. നേരത്തെയുണ്ടായിരുന്നയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായതു കൊണ്ടാണ്‌ എനിക്കവിടെ ജോലിതരപ്പെട്ടത്‌. അയാള്‍ മലപ്പുറത്തു കാരനായിരുന്നു. അയാള്‍ ആശുപത്രിയില്‍ കിടന്നു മരിച്ചു. അതിനു ശേഷം ജോലിചെയ്യുമ്പോള്‍ മനസ്സില്‍ നേരിട്ടു കണ്ടിട്ടിലാത്ത അയാളുടെ അവ്യക്തമായ മുഖം തെളിയും. അനാഥമായ അയാളുടെ കുടുംബം മനസ്സിലേക്കു കടന്നു വരും. അകാരണമായ കുറ്റ ബോധം കൊണ്ട്‌ ആ കമ്പനി വിട്ടു. പിന്നെ മറ്റൊന്ന് അന്വേഷിച്ചു; ജോലി കണ്ടു പിടിച്ചു. അപരിചിതനായ ആ മനുഷ്യന്റെ കുടുംബത്തിനു കുറച്ച്‌ പണമയച്ചു കൊടുത്ത്‌ അയാളുടെ ഓര്‍മ്മയില്‍ നിന്നു മാറി നില്‍ക്കാന്‍ ശ്രമിച്ചു.

വിവാഹം.
1982ലായിരുന്നു വിവാഹം. മാതൃഭൂമി പത്രത്തില്‍ ഒരു പരസ്യം കൊടുത്തു. ജാതിയും മതവും പരിഗണിക്കാതെ ഇന്നയിന്ന സ്വഭാവത്തിനനുസരിച്ചു കൂടെ ജീവിക്കാന്‍ തയ്യാറാവുന്ന പങ്കാളിയില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. വിധവകള്‍ക്ക്‌ മുന്‍ ഗണന. ഇതായിരുന്നു പരസ്യം. നൂറ്റിപ്പത്തോളം അപേക്ഷകള്‍ വന്നു. അതില്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശി വത്സലയെ ഞാന്‍ തിരഞ്ഞെടുത്തു. ടെലഫോണില്‍ വിളിച്ച്‌ സംസാരിച്ചു. ഫോട്ടോ കണ്ടു. ധാരണയായി. അമാനുള്ളയുടെ കൂടെ ജീവിക്കാന്‍ തയ്യാറായി വന്ന പെണ്‍കുട്ടിക്ക്‌ അന്ന് 32 വയസ്സുണ്ടായിരുന്നു. നട്ടിലെത്തിയതിന്റെ അടുത്ത പ്രഭാതത്തില്‍, നേരില്‍ കണ്ടതിനു ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ റജിസ്റ്റര്‍ ഓഫീസിലെത്തി വിവാഹിതരായി. സംഘര്‍ഷങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമിടയിലാണ്‌ വിവാഹ ദിവസം കടന്നു പോയത്‌. 21 വയസ്സുള്ള ഫാബിയനും, 19 വയസ്സുള്ള മൌര്യനും കൂടി ഇപ്പോള്‍ കുടുംബ ജീവിതത്തിന്റെ ഭാഗമായി നില്‍ക്കുന്നു.

പൊതുമാപ്പ്‌.
1996 അവസാനത്തിലാണ്‌ യു.എ. ഇയില്‍ ആദ്യമായി പൊതുമാപ്പ്‌ പ്രഖ്യാപിച്ചത്‌. അന്ന് 10,000ത്തോളം പേരാണ്‌ പൊതുമാപ്പിലൂടെ നാട്ടിലേക്ക്‌ പോകാന്‍ തയ്യാറായത്‌. പലരുടെയും കയ്യില്‍ മതിയായ രേഖകളൊന്നുമില്ല. ചിലരുടെ കയ്യില്‍ പാസ്പോര്‍ട്ട്‌ പോലുമുണ്ടായിരുന്നില്ല. വിസയുടെ കാലാവധികഴിഞ്ഞവരില്‍ പലര്‍ക്കും നാട്ടിലേക്ക്‌ പോകാനുള്ള വിമാന ടിക്കറ്റിനുള്ള പണമുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ക്കിടയിലാണ്‌ ആദ്യത്തെ പൊതുമാപ്പ്‌ കഴിഞ്ഞു പോയത്‌. യു.എ.ഇയുടെ ചരിത്രത്തിലെ ആദ്യത്തെ പൊതുമാപ്പായിരുന്നതു കൊണ്ട്‌ വേണ്ടത്ര ഒരുക്കങ്ങള്‍ നടത്തിയിരുന്നില്ല. ഇന്ത്യന്‍ കോണ്‍സലേറ്റില്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ല. ഔട്ട്‌ പാസിനു ആയിരക്കണക്കിനു പേര്‍ ദിവസവും ക്യൂ നിന്നു. ഔട്ട്‌ പാസ്‌ എഴുതിക്കൊടുക്കലായിരുന്നു ഇക്കാലത്തെ പ്രധാനപ്പെട്ട പണി. ഇന്ത്യന്‍ അസോസിയേഷനില്‍ നിന്നുള്ള പലരും കൂട്ടത്തിലുണ്ടായിരുന്നു. പല തരത്തിലുള്ള സംശയവും സഹായവും ആവശ്യപ്പെട്ടു പലരും വന്നു. ഔട്ട്‌ പാസ്‌ കിട്ടിയ ചിലര്‍ വിമാനത്തില്‍ പോയി. പോകാന്‍ പണമില്ലാത്തവര്‍ക്ക്‌ ചില സന്നദ്ധസംഘടനകള്‍ ടിക്കറ്റു സംഘടിപ്പിച്ചു കൊടുത്തു. ചിലരെ സഹായിക്കാന്‍ സഹായ മനസ്ഥിതിയുള്ളവരുണ്ടായി. തീരെ രക്ഷയില്ലാത്തവര്‍ ഷാര്‍ജാ സീ പോര്‍ട്ടില്‍ ലോഞ്ചിനു വേണ്ടി കാത്തിരുന്നു. യമന്‍ വഴി ഷാര്‍ജയില്‍ എത്തിയ ഒരു ലോഞ്ചില്‍ ഇന്ത്യയിലേക്ക്‌ പോകുമ്പോള്‍ അതില്‍ പോലും ചിലര്‍ നാട്ടിലേക്ക്‌ മടങ്ങി. കരിപുരണ്ട്‌ നിലത്തിരിക്കാന്‍ പോലുമാവാതെയും വേണ്ടത്ര ഭക്ഷണമില്ലാതെയുമൊക്കെയായിരുന്നു യാത്ര. അതേറെ വേദനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ രണ്ടാമത്തെ പൊതുമാപ്പ്‌ നല്ല മുന്നൊരുത്തോടെയായിരുന്നു. അന്ന് ഒരു ദിവസം 250ഓളം കോളുകളാണ്‌ അറ്റന്‍ഡ്‌ ചെയ്തിരുന്നത്‌. ഏകദേശം 5000 കോളുകളെങ്കിലും വന്നിട്ടുണ്ടാവണം ഇക്കാലത്ത്‌.

ജയിലുമായി.
ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തന്നെ കഴിയുന്ന നിരവധി പേരുണ്ട്‌ യു.എ.ഇ ജയിലുകളില്‍. ഇവര്‍ക്ക്‌ നാട്ടിലേക്ക്‌ പോകണമെങ്കില്‍ ടിക്കറ്റ്‌ വേണം. ബന്‌ധുക്കളും സുഹൃത്തുക്കളുമൊക്കെ സഹായിച്ചാണ്‌ പലരും നാട്ടിലേക്ക്‌ പോകുന്നത്‌. സഹായിക്കാനാരുമില്ലാതെ ജയിലില്‍ കിടക്കുന്നവര്‍ അനാഥരായി അവിടെ തന്നെ കിടക്കും. എംബസിയുടേയോ കൌണ്‍സിലേറ്റിന്റേയോ സഹായം കിട്ടാത്ത ഒരുപാടു പേരുണ്ടായിരുന്നു. ഇവരില്‍ ചിലരെ പറ്റി എങ്ങനെയെങ്കിലും അറിയാനിടയാകും. സുഹൃത്തുക്കള്‍ വഴിയോ ചില പോലീസുകാര്‍ വഴിയോ കിട്ടുന്ന അറിവ്‌ വച്ച്‌ അവരെ ചെന്ന് കാണും. വിവരങ്ങള്‍ അന്വേഷിച്ചു ജനസാമാന്യത്തിന്റെ മുന്നിലേക്ക്‌ കൊണ്ടുവരിക മാത്രമാണ്‌ ഒരുപാട്‌ പരിമിതികള്‍ക്കുള്ളില്‍ നിന്ന് എന്നെ പോലുള്ള ഒരാള്‍ക്ക്‌ ചെയ്യാനാവുന്നത്‌. നമ്മുടെ മാധ്യമങ്ങളും മാധ്യമ സുഹൃത്തുക്കളും ഇക്കാര്യത്തില്‍ നല്ല സഹകരണമാണു ന‍ല്‍കുന്നത്‌. ഇത്തരം വാര്‍ത്തകള്‍ പ്രാധാന്യത്തോടെ ജനങ്ങളിലെത്തിക്കുമ്പോള്‍ സഹായ മനസ്സുള്ള ചിലര്‍ സഹായിക്കാനായി മുന്നോട്ടു വരുന്നു. പല തുള്ളി പെരു വെള്ളം പോലെ കിട്ടുന്ന സഹായം കൊണ്ടു ചിലപ്പോള്‍ ഒരു ജീവിതത്തെ കരകയറ്റാന്‍ കഴിയുന്നു. ചിലപ്പോള്‍ വീട്ടില്‍ കാത്തിരിക്കുന്ന ഭാര്യക്കു ഭര്‍ത്താവിനേയും മക്കള്‍ക്ക്‌ അച്ഛനെയും അമ്മമാര്‍ക്കു മക്കളെയും തിരിച്ചു കിട്ടുന്നു. ഇത്‌ തന്നെ ഏറ്റവും വലിയ സന്തോഷം . ഇത്തരം സന്തോഷങ്ങളാണ്‌ ജീവിതത്തിന്റെ മഹാഭാഗ്യങ്ങള്‍.

കെണിയില്‍ നിന്ന്
ജെയിലിന്റെ ചുമരില്‍ കുറിച്ചിട്ട എന്റെ ഫോണ്‍ നമ്പര്‍ കണ്ട്‌ ചില തടവുകാര്‍ വിളിക്കാറുണ്ട്‌. ഷാര്‍ജാ ജയിലില്‍ നിന്നൊരിക്കല്‍ ലത എന്ന പെണ്‍കുട്ടി വിളിച്ചു. വീട്ടു ജോലിക്കു വന്ന് പെണ്‍വാണിഭ സംഘത്തില്‍ പെട്ടുപോയ ഒരു ഹൈദരാബാദുകാരി. ജയിലിലകപ്പെട്ട്‌ ആറുമാസത്തിനു ശേഷം സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടാണ്‌ ആ പെണ്‍കുട്ടി വിളിച്ചത്‌. പെണ്‍ വാണിഭ സംഘത്തില്‍ നിന്ന് രക്ഷപെടാനായി പോലീസിനെ വിവരമറിയിച്ചതായിരുന്നു ലത. പോലിസ്‌ റെയിഡില്‍ ലതയടക്കം അറസ്റ്റിലായി. മറ്റുള്ളവരെ വിട്ടെങ്കിലും ജയില്‍ മോചിതയായില്ല. ലതയുടെ സഹായഭ്യര്‍തഥനയ്ക്കു ശേഷം കോണ്‍സലേറ്റുമായി ബന്‌ധപ്പെട്ടു. ഒന്നും ചെയ്യാനായില്ല. ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനു കത്തെഴുതി. മറുപടിയുണ്ടായില്ല. ലത മൂന്നു കൊല്ലത്തിലധികം ജയിലില്‍ കിടന്നു. ഷാഹിന ഷെയ്ഖ്‌ എന്ന പെണ്‍കുട്ടി മരണത്തോടുത്തു നില്‍ക്കുന്ന ഘട്ടത്തിലാണ്‌ കുവൈറ്റ്‌ ഹോസ്പിറ്റലില്‍ എത്തുന്നത്‌. റോഡരില്‍കില്‍ കിടന്നു പിടയ്ക്കുമ്പോള്‍ പോലിസുകാരാണൂ ഷാഹിനെ ആശുപത്രിയിലെത്തിച്ചത്‌. ഷാഹിനെ സംബന്‌ധിച്ച വിവരങ്ങളെൊന്നും ആര്‍ക്കുമറിയില്ല. മാനസിക അസ്വസ്ഥ്യമുള്ളതു കൊണ്ട്‌ ഷഹീനയെ കുറിച്ചുള്ളതെല്ലാം അവ്യക്തമായി കിടന്നു. ഹെല്‍ത്ത്‌ കാര്‍ഡ്‌ പരിശോധനയില്‍ ഷാഹിന്‍ ഉമ്മുല്‍ഖുവൈന്‍ വിസയിലാണു വന്നതെന്നു മനസ്സിലായി. ഇന്ത്യന്‍ പത്രങ്ങളിലും, ഡല്‍ഹിയില്‍ നിന്നുള്ള പത്രങ്ങളിലും ഫോട്ടോയും വാര്‍ത്തയും കൊടുത്തു. ആറു മാസത്തോളം വിവരങ്ങളൊന്നും കിട്ടിയില്ല. ഒടുവില്‍ ഹൈദരാബാദില്‍ നിന്നുള്ള ഒരു ഉര്‍ദു പത്രത്തില്‍ വന്ന വാര്‍ത്ത കണ്ട്‌ ബന്‌ധുക്കള്‍ വിളിച്ചു. ഷഹീനയെ നാട്ടിലയകാന്‍ കോണ്‍സലേറ്റ്‌ രണ്ടു വിമാന ടിക്കറ്റു തന്നു. ആരൊക്കെയോ കെണിയില്‍ പെടുത്തി ശരീരികമായ പീഡിപ്പിക്കപ്പെട്ട ഷാഹിന്‍ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. ഷഹീനയെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതില്‍ ഒരു പാടു പേര്‍ക്ക്‌ നന്ദി. പഴയതെല്ലാം മറന്ന് ഷഹീന ഇപ്പോഴും സുഖമായി ജീവിക്കുന്നുണ്ടാവുമെന്ന പ്രതീക്ഷ വലിയ സന്തോഷം തിരിച്ചു നല്‍കുന്നു.

സുബൈദ എന്ന അമ്മ
സുബൈദ കോഴിക്കോട്ടു തീരദേശത്തുള്ള സ്ത്രീയാണ്‌. വീടെന്നു പറയാനാവില്ല. കടപ്പുറത്തൊരു ചെറ്റക്കുടില്‍ ജീവിതം. ഭര്‍ത്താവ്‌ വേറെ കല്യാണം കഴിച്ചതോടെ സുബൈദയും രണ്ടു പെണ്‍ മക്കളും ഒറ്റപെട്ടു. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ദുരവസ്ഥയോടൊപ്പമാണ്‌ മൂത്ത കുട്ടിക്ക്‌ ക്യാന്‍സര്‍ രോഗം പിടിപെട്ടത്‌. സഹായിക്കാനാരുമുണ്ടായില്ല. ചികിത്സയ്ക്കു പണം വളരെ കൂടുതല്‍ വേണമായിരുന്നു. സുബൈദയുടെ മുമ്പില്‍ ജീവിതം ശരിക്കും വഴിമുട്ടി നിന്നു. ഈ സമയത്താണ്‌ രക്ഷകനെപ്പോലെ പരിചയക്കാരിയായ ഒരു സ്ത്രീ ദുബായ്‌ വിസയുമായി സുബൈദയെ സമീപിച്ചത്‌. 40,000 രൂപ അവര്‍ ചോദിച്ചു. വീട്ടു സധനളടക്കം പെറുക്കി വിറ്റു കിട്ടിയതെല്ലാം കൂട്ടിചേര്‍ത്തു സുബൈദ അവര്‍ക്ക്‌ 8000 രൂപ കൊടുത്തു. 10,000 രൂപ ശമ്പളം കിട്ടുന്ന വീട്ടു ജോലി ആ സ്ത്രീ വാഗ്ദാനം ചെയ്തു. ദുബായിലെത്തിയ അന്നു മുതല്‍ തന്നെ പല പുരുഷന്‌മാരാലും സുബൈദ വേട്ടയാടപ്പെട്ടു. മൂന്നു മസത്തെ മാംസ വേട്ടയ്ക്കൊടുവില്‍ വേശ്യാലയത്തില്‍ നിന്ന്‌ ഓടി രക്ഷപ്പെട്ട സുബൈദ നാട്ടിലെത്താന്‍ സഹായമഭ്യര്‍ത്ഥിച്കെത്തിയത്‌ ഞങ്ങളുടെ അടുത്തേക്കാണ്‌. ടിക്കറ്റു ശരിയാക്കി നാട്ടിലേയ്ക്കയക്കുന്നതിനു മുമ്പ്‌ സുബൈദയ്ക്ക്‌ മറ്റൊരു സുരക്ഷിതമായ ജോലി വാഗ്ദാനം ചെയ്തു നോക്കി. സുബൈദ നന്ദിയോടെ പറഞ്ഞത്‌ "ഞാന്‍ കൂലി വേല ചെയ്തു ജീവിച്ചോളാം സാര്‍" എന്നായിരുന്നു.

കണാതായവര്‍
കൈരളി ടി.വി.യില്‍ പ്രവാസ ലോകം പരിപാടി തുടങ്ങിയതു മുതലാണ്‌ കാണാതായവരെ കുറിച്ചുള്ള അന്വേഷണംവും അവരുടെ കുടുമ്പം അനുഭവിക്കുന്ന കണ്ണീരില്‍ നനഞ്ഞ കാത്തിരിപ്പും ഭൂരിപക്ഷം മലയാളികളും നേരിട്ടറിയുന്നത്‌. ടിവി യില്‍ നമ്പര്‍ കണ്ടിട്ടാവാം ഷാര്‍ജയിലുണ്ടായിരുന്ന ഭസ്ക്കരന്‍ എന്നയാളുടെ ഭാര്യ നാട്ടില്‍ നിന്നു വിളീച്ചു. ഒരു മാസം മാത്രം ഒന്നിച്ചു ജീവിച്ച ഭാര്യ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു എന്നു തന്നെ കരുതിയതാണ്‌. അല്ലെങ്കില്‍ ഭര്‍ത്താവ്‌ തന്നെ ഉപേക്ഷിച്ചു എന്നു കരുതി. ഭാസ്ക്കരനെ കുറിച്ച്‌ അന്വേഷിച്ചു നോക്കി. വൈകാതെ വളരെ വിചിത്രമായ രീതിയിലാണ്‌ ഭാസ്ക്കരനെ കണ്ടെത്തിയത്‌. നാട്ടില്‍ ചെന്ന്‌ കല്യാണാം കഴിഞ്ഞ്‌ ഷാര്‍ജയില്‍ തിരിച്ചെത്തിയതായിരുന്നു ഭാസ്ക്കരന്‍. ഇവിടെ എത്തിയ ഉടനെ അമ്മ മരിച്ചു. കുറച്ചു ദിവസത്തിനു ശേഷം ഒരപകടത്തില്‍ സഹോദരിയും മരിച്ചു. വേദനയില്‍ മുങ്ങി നില്‍ക്കുന്ന സമയത്താണ്‌ ഭാസ്ക്കരന്റെ വിസ പുതുക്കേണ്ട സമയമായത്‌. വിസ പുതുക്കാന്‍ പണം വേണമായിരുന്നു. പലരോടും ചോദിച്ചെങ്കിലും പണം കിട്ടിയില്ല. അതോടെ മനസ്സ്‌ ബന്‌ധങ്ങളില്‍ നിന്നൊക്കെ നിന്ന്‌ ഓടിയൊളിച്ചു. വിസ പുതുക്കാനാവാതെ വന്നപ്പോള്‍ ഷാര്‍ജയില്‍ പോലീസിന്റെ ശ്രദ്ധയിലൊന്നും പെടാതെ ഷാര്‍ജയില്‍ ഉള്‍പ്രശത്തുള്ള ഒരു സ്ഥാപനത്തില്‍ വിസയില്ലാതെ ഒരു ജോലിക്കു ചേര്‍ന്നു. ആരുമറിയാതിരിക്കാന്‍ അവിടെ ഒളിവു ജീവിതം തുടങ്ങി. വര്‍ഷങ്ങള്‍ കടന്നു പോയതൊന്നും ഭാസ്ക്കരനറിഞ്ഞില്ല. പുറം ലോകത്തൊന്നും വരാതെ അവിടെ തന്നെ കഴിഞ്ഞു. മകനുണ്ടായതും മകന്‍ വളര്‍ന്നു വലുതായതൊന്നും അയാളറിഞ്ഞില്ല. ഭാസ്ക്കരന്‍ ആദ്യം ഭയത്തോടെ ഒഴിഞ്ഞുമാറിയെങ്കിലും, വിവരങ്ങളറിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു. ഔട്ട്‌ പാസ്‌ സംഘടിപ്പിച്ചു കൊടുത്തപ്പോള്‍ ഭാസ്ക്കരന്‍ നാട്ടിലേക്ക്‌ പോയി. ഭാര്യയുടെ അടുത്തേക്ക്‌. അതു വരെ കാണാത്ത മകന്റെ അടുത്തേക്ക്‌ കൊതിയോടെ പോയി.

ആമാനുള്ള ഇപ്പോഴും നമുക്കിടയിലുണ്ട്‌.
തിരുവനന്തപുരം ജില്ലയിലെ വക്കം പഞ്ചായത്തിലെ കായല്‍ വാരം സ്വദേശിയായ അമാനുള്ള ഇപ്പോഴും നമുക്കിടയിലുണ്ട്‌. നാട്ടില്‍ ജീവിച്ചതിനേക്കാള്‍ കൂടുതല്‍ കാലം അദ്ദേഹം പ്രവാസ മണ്ണിലാണ്‌ ജീവിച്ചത്‌. മനുഷ്യനെയും ലോകത്തെയും ഏറ്റവും യഥാര്‍ത്ഥമായി തിരിച്ചറിയുന്ന ഈ ഭൂമിയില്‍ അമാനുള്ള കുറിച്ചിട്ടിരിക്കുന്നത്‌ വേറിട്ടൊരു ജീവിതമാണ്‌. വേദനയിലും കണ്ണീരിലും അലിയുന്ന മനസ്സുമായി അമാനുള്ള ചുറ്റുപാടുകളിലാകെ ശ്രദ്ധയൂന്നുന്നു. മൊബൈലിലേരു മിസ്‌ കോള്‍ വരുമ്പോള്‍ തിരിച്ച്‌ വിളിച്ച്‌ ആകാംക്ഷയോടെ കര്യമാരായുന്നു. കിതപ്പോടെ ആരോ സംസാരിച്ച്‌ തുടങ്ങുമ്പോള്‍ അലിവോടുകൂടി സമാധാനിപ്പിക്കുന്നു. സഹായം ആവശ്യമുള്ളവര്‍ക്കു പ്രതീക്ഷ നല്‍കി അസ്വസ്ഥാനാകുന്നു. വേദന മുഴുവനും ഏറ്റു വാങ്ങി സ്വയം വേദനിക്കുന്നു. ഇപ്പോഴും അമാനുള്ളയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്നുണ്ടാവണം. നമ്മളറിയാതെ ആരോ കരഞ്ഞു കൊണ്ട്‌ വേദനകള്‍ പറയുന്നുണ്ടാവണം. അമാനുള്ള അതൊക്കെ കേള്‍ക്കുന്നുണ്ടാവണം, ആശ്വസിക്കുന്നുണ്ടാവണം.