Friday, September 19, 2008
സുസന്ന
( 2001 ല്‍ പുറത്തിറങ്ങിയ ടി.വി ചന്ദ്രന്റെ
സൂസന്ന എന്ന സിനിമ പകര്‍ന്നു തന്ന
ദൃശ്യാനുഭവത്തില്‍ നിന്ന് )
സൂസന്നാ
നീ ചിരിക്കുകയായിരുന്നു.
വേദനയുടെ അമാവാസികളില്‍
വാതായനങ്ങളും തുറന്നു വച്ച്
നക്ഷത്രങ്ങളെ മുലയൂട്ടി,
മുറി നിറയെ മെഴുകുതിരികള്‍
കത്തിച്ചു വച്ച്,
വേനല്‍ മഴ പോലെ
പള്ളിമണികള്‍ പോലെ
നീ പൊട്ടിച്ചിരിക്കുകയായിരുന്നു.
മരുഭൂമിയിലെ കത്തുന്ന വെയിലത്ത്
മഹാവൃക്ഷമായി
ചിറകൊടിഞ്ഞ പറവകള്‍ക്ക്
കൂടൊരുക്കുകയായിരുന്നു.
കാറ്റത്തു കൊഴിഞ്ഞു വീണ
അഞ്ചിലകള്‍ക്ക്
സ്നേഹത്തിന്റെ ഹരിതകം
പകര്‍ന്നു നല്‍കി
നീ നഗ്നയാവുകയായിരുന്നു.
നിന്റെ പുതപ്പിനുള്ളില്‍
ശീതം കാഞ്ഞ്
നിന്റെ നനവുകളില്‍
മുഞ്ഞിക്കുളിച്ച്
നിന്റെ മടിത്തട്ടില്‍
കിടത്തിയുറക്കി
സൂസന്നാ
നീ ഋതുദേവതയാവുകയായിരുന്നു.
നീ സ്നേഹത്തിന്റെ കനിയായിരുന്നു
പാപികള്‍ കല്ലെറിഞ്ഞു
മുറിവേല്‍പ്പിച്ച
പാപത്തിന്റെ കനിയായിരുന്നു.
എറിയുവാന്‍
ഒരു കല്ലു കിട്ടിയിരുന്നെങ്കില്‍
സൂസന്നാ നിന്നെയെനിക്കു
സ്വന്തമാക്കമായിരുന്നു.
Saturday, September 13, 2008
സൂചീമുഖത്ത് വെറുതെ...
നീ ഒരു പൂവിന്റെ
പേരായിരുന്നില്ല
നദിയുടെ
നാണമോ
മഴഗന്ധമോ
മഴവില്‍ച്ചിലമ്പോ
അല്ലായിരുന്നു.
ഇലഞരമ്പില്‍
നിന്റെ പച്ചക്കിനാവുകള്‍
ആകാശത്ത്
അക്ഷരപ്പാടുകള്‍
നിറയെ.
തൊടുകുറിച്ചാന്ത്
തൊട്ടില്ല നീ
മഹാമൌനങ്ങളില്‍
കാറ്റായ് പകര്‍ന്നീല നീ
പകുതി വഴി
പകുത്ത്
പഴയിലകളില്‍ ഒന്നും
എഴുതി വച്ചില്ല നീ
കടല്‍ കരയോടു
പറഞ്ഞത്
നഭസ്സ് മുകിലോട്
ചൊന്നത്
നീ എന്നോട്
ഒരിക്കലും പറയാത്തത്
ഓര്‍ത്തു പോകുന്നു ഞാന്‍
വെറുതെ.
നീ ഒരു പൂവായിരുന്നില്ല.
നിറങ്ങള്‍
പുഴു കുത്തിയ
സ്വപ്നമായിരുന്നില്ല
ഞെട്ടറ്റു വീണ ഒരോര്‍മ്മ
വിറച്ചു പായുമ്പോള്‍
വെറുതെ പിടയ്ക്കുന്നു
എന്റെ
സമയസൂചികള്‍
ഹൃദയസൂചികള്‍
Friday, September 5, 2008
പ്രണയം ശരീരത്തിന്റേതായി മാറുമ്പോള്‍
( ആണും പെണ്ണും കൌമാരവും ഒരുമിക്കുന്ന വര്‍ണ്ണതീരങ്ങളാണ് കാമ്പസ്സുകള്‍. സൌഹൃദങ്ങളും പ്രണയങ്ങളും അവിടെ മാറിമാറി പൂക്കുകയും തളിര്‍ക്കുകയും കൊഴിയുകയും ചെയുന്നു. ജീവിതം ക്ഷണികമായ ഒരനുഭൂതിയായി കാണുന്ന കാമ്പസ് യുവത്വത്തിന്റെ പ്രണയലോകങ്ങളിലൂടെയുള്ള ഒരന്വേഷണം )
'ന്റെ കരളിലൊരു വേദന' എന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ പ്രണയത്തെ വിശേഷിപ്പിച്ചത്. അത് പേരറിയാത്ത ഒരു നൊമ്പരമായി അനേക കാലങ്ങളായി ആണിന്റേയും പെണ്ണിന്റേയും മനസ്സിലാകെ വര്‍ണ്ണങ്ങളും സ്വപ്നങ്ങളും നിറച്ചുവയ്ക്കുന്നു. പ്രണയത്തെപ്പറ്റി എഴുതുമ്പോള്‍ കവികള്‍ ഗന്ധര്‍വ്വന്മാരായി മാറുകയും, അതിനെക്കുറിച്ച് പാടുമ്പോള്‍ ഗായകന്മാര്‍ കോകില കുഞ്ജങ്ങളായിത്തീരുകയുംചെയ്യുന്നു.കാലം മനുഷ്യരിലൂടെ എത്ര തവണായാവര്‍ത്തിച്ചിട്ടും പിന്നെയും പിന്നെയും പൂക്കുന്ന പൂമരം പോലെ അതു കാലങ്ങളെ മറികടന്നുകൊണ്ടാണ് ഭൂമുഖത്ത് നിലനില്‍ക്കുന്നത്. ഏദനിലെ ആദിരാഗത്തിന്റെ സ്വച്ഛന്ദമായ അനുഭൂതിയുടെ ഓര്‍മ്മകള്‍ അവിരാമമായി മനുഷ്യമനസ്സില്‍ തളിര്‍ക്കുകയും പൂക്കുകയും കൊഴിയുകയും ചെയ്യുന്നു. പ്രണയകാലങ്ങളെ ഇന്നു സമൃദ്ധമാക്കുന്നത് കാമ്പസ്സുകളാണ്. കൗമാരത്തിന്റെ തൂവലുകള്‍ വീശി പറന്നു പറന്നു പോവുന്ന ഒരു മനസ്സ് ആണിനും പെണ്ണിനും കാമ്പസ്സുകള്‍ പകര്‍ന്നു നല്‍കുന്നു. ചിന്തയുടെയും, ധിഷണയുടെയും, സര്‍ഗ്ഗാത്മതയുടെയും അഗ്നിപാളുന്ന കൗമാര മനസ്സില്‍ കുളിര്‍ നിലാവിന്റെ ഒരു സുഖസ്പര്‍ശമാകാനും തൂമഞ്ഞിന്റെ മധുരാനുഭൂതിയാവാനും പ്രണയത്തിനു കഴിഞ്ഞിരുന്നു എന്നതുകൊണ്ടാണിത്. മധുരമായൊരു കൂവല്‍കൊണ്ട് അടയാളപ്പെടുത്തുന്ന, ഒരു നോട്ടം കൊണ്ട് ആത്മാവിനെ തൊടുന്ന മാസ്മരികമായ അനുഭൂതി വിശേഷത്തില്‍ നിന്ന് പ്രണയം ഇന്നേറെ മാറിക്കഴിഞ്ഞതിനു സാക്ഷിയും കാമ്പസ്സുകള്‍ തന്നെ. കാല്പനികമായ ഒരു സ്വപ്നമായി പ്രണയത്തെ ഇന്നധികമാരും കാണുന്നില്ല. ഇത്തരത്തില്‍ കൗമാരമനസ്സു മാറിയതോടെ പ്രണയത്തിന്റെ സ്നിഗ്ധ മെന്നോ മുഗ്ധമെന്നോ വിളിക്കാവുന്ന ഭാവത്തിനാകെയാണ് മാറ്റം സംഭവിച്ചത്.
നീയിപ്പോഴും കന്യകയാണോ?
കാല്‍നഖം കൊണ്ട് നിലമെഴുതുന്ന കാമുകിയെ സിനിമയില്‍ പോലും ഇന്നു കാണാന്‍ കഴിയില്ല. നാണത്താല്‍ മുഖപടം മറച്ച് മാറിനില്‍ക്കുന്ന കാമുകിയും ഇന്നില്ല. കാമുകീകാമുക സങ്കല്‍പത്തെ കുറിച്ചുള്ള ഇത്തരമൊരു നാടകീയ ദൃശ്യം നമുക്കിടയില്‍ നിന്ന് വിസ്മൃതമായി കഴിഞ്ഞിട്ട് നാളേറെയായി. ഇതിനു പകരം പ്രണയം മോഡേണാവുകയും സ്മാര്‍ട്ടാവുകയും ചെയ്തു. സ്മാര്‍ട്ട് എന്നാല്‍ എന്തിനും തയ്യാറായി നില്‍ക്കുന്ന ആണും പെണ്ണുമെന്ന സങ്കല്പത്തിലേക്കാണ് വളര്‍ന്നത്.
നീയിപ്പോഴും കന്യകയാണോ ? എന്ന ചോദ്യമാണ് ഇപ്പോള്‍ കാമ്പസ്സില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. ' സിനിമയിലെ സൂപ്പര്‍ ഡയലോഗ് ' പോലെ തമാശയായും കാര്യമായും പരിഹാസമായും പൊട്ടിച്ചിരിയായും കാമ്പസ്സ് ഇതിനെ ആവര്‍ത്തിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചോദിക്കുന്നത് ആണ്‍കുട്ടികള്‍ മാത്രമല്ല. പെണ്‍കുട്ടികളടക്കം ഒരു തമാശ കലര്‍ന്ന ചിരിയോടെ പരസ്പരം കൈമാറിത്തുടങ്ങുന്ന ഒരു ഡയലോഗായും ഇതു മാറിയിരിക്കുന്നു. കന്യക എന്നത് ഒരപാകതയായി, ഒരു കുറവായി, ഇപ്പോഴും മോഡേണ്‍ ആയിട്ടില്ലാത്ത ഒരു അട്ടപ്പാടിത്തമായി പ്രചരിപ്പിക്കുകയുമാണ്. കാമ്പസ് വിദ്യാര്‍ത്ഥികള്‍ വെറുതെ പറയുന്ന ഒരു തമാശ എന്നതിലപ്പുറം ഈ സൂപ്പര്‍ ഡയലോഗ് കേവലം ഒരു ഡയലോഗ് എന്നതിനപ്പുറത്ത് നിരവധി അര്‍ത്ഥതലങ്ങളെ കൂടി ഒളിപ്പിച്ചു വച്ചിട്ടുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ കാമ്പസ്സിന്റെ സമകാലിക മനസ്സിനെ മനസ്സിലാക്കാനുള്ള ഒരു എളുപ്പവഴി കൂടിയാണിത്. സിനിമകളും ചാനലുകളും പ്രചരിപ്പിക്കുന്ന ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും സ്വാധീനമാണ് കാമ്പസ്സുകളില്‍ പ്രതിഫലിക്കുന്നത്. ജീവിതത്തെ ഒരു തമാശയായി കണ്ട് ആസ്വദിക്കാനും വെറും ആഘോഷത്തിന്റെ പരീക്ഷണശാലയാണ് ജീവിതമെന്നു സങ്കല്‍പ്പിച്ചു വയ്ക്കുന്നതിനു ഒരുപാടു കാരണങ്ങളുണ്ട്. ഒരു കാമുകിയേയും കാമുകനേയും സൃഷ്ടിക്കുന്നതിനു പകരം ലൈംഗിക പൂരണത്തിനുള്ള ഒരുപകരണമെന്ന രീതിയില്‍ ആണും പെണ്ണും പരസ്പര പൂരകങ്ങളായി ബന്ധങ്ങളെ കണ്ടെത്തുകയും എളുപ്പം ഉപേക്ഷിക്കുകയുമാണ് ചെയ്യുന്നത്.
ഡേറ്റിംഗ്
ഡേറ്റിംഗ് ! അതെന്താണെന്നാണ് പലരും ചോദിക്കുന്നത്. കമ്പസ്സുകളില്‍ നിന്ന് കുറച്ച് മുമ്പു വരെ പുറത്തിറങ്ങിയവര്‍ക്ക് പോലും ഡേറ്റിംഗിനെ കുറിച്ച് അറിയില്ല. ഏതായാലും കേരളത്തിലെ കാമ്പസ്സുകളില്‍ ഇന്ന് ഇതൊരു ഫാഷനായിരിക്കുന്നു. ആണോ പെണ്ണോ തനിക്കിഷ്ടപ്പെട്ടവരുമായി ഒരു ദിവസം ചെലവിടുന്നതിന് മുന്‍കൂട്ടി ബുക്കിംഗ് ചെയ്യുന്നതിനെയാണ് ഡേറ്റിംഗ് എന്ന ഓമന പേരിട്ട് വിളിക്കുന്നത്. ചിലര്‍ക്കു സംശയം ആണും പെണ്ണും തമ്മില്‍ ഐസ്ക്രിം പാര്‍ലറിലോ ബീച്ചിലോ ചെന്നു കുറച്ചുനേരം സൊള്ളുന്നതിനെ ഡേറ്റിംഗ് എന്നു വിളിക്കാമോ എന്നാണ്. അങ്ങനെ സൊള്ളുന്നതിനു അപ്പുറമാണ് ഡേറ്റിംഗിന്റെ നിലവിലുള്ള അവസ്ഥ എന്നാണ് കാമ്പസ് ബന്ധത്തെ കുറിച്ച് അടുത്തകാലത്തൊക്കെ വന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. മനസ്സും മനസ്സും തമ്മിലുള്ള പങ്കു വയ്ക്കലിനൊന്നും ഇന്നു യുവാക്കള്‍ക്ക് താത്പര്യമില്ല. അതിനു വെറുതെ സമയം കളയുന്നത് മണ്ടത്തരം എന്നു തന്നെയാണ് ഇവരുടെ ചിന്താഗതി. മറിച്ച് ശരീരം പങ്കു വയ്ക്കുന്ന ഇടപാടുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയച്ചെയ്യുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളോടു ബന്ധപ്പെട്ടുകൊണ്ടുള്ള ചിലയിടങ്ങളില്‍ ഡേറ്റിംഗ് ആഘോഷിക്കാന്‍ മുറികള്‍ തേടുന്നവര്‍ പലപ്പോഴും തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നു പരിചയപ്പെടുത്തിക്കൊണ്ടാണ്. ചിലരാകട്ടെ തങ്ങളുടെ പരിചയവലയത്തിനുള്ളിലുള്ള ചില കോട്ടേജുകളെ ഇതിനുള്ള സങ്കേതങ്ങളായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.എങ്ങനെയാണ് ഡേറ്റിംഗ് ഇടപാടുകള്‍ ഉറപ്പിക്കുന്നത് എന്നാണ് ചിലരുടെ ചോദ്യം. ഡേറ്റിംഗിനെ പ്രോത്സാഹിപ്പിക്കാന്‍ ഇപ്പോള്‍ കാര്‍ഡുകമ്പനികള്‍ വളരെ സജീവമായി രംഗത്തുണ്ട്. ഡേറ്റിംഗിനെ വളരെ നാടകീയമായി അവതരിപ്പിക്കുന്നത് എങ്ങനെയെന്നു കാണിച്ചുകൊടുക്കുന്നത് ഈ കാര്‍ഡ് കമ്പനികളാണ്. കാര്‍ഡില്‍ വളരെ മനോഹരമായ വാചകത്തില്‍ പ്രണയത്തിനു ക്ഷണിക്കുന്നു. ........ എന്നു വിട്ടഭാഗം പൂരിപ്പിച്ചു നല്‍കുന്നതോടെ ഡേറ്റിംഗിന്റെ കരാര്‍ ഉറപ്പിക്കുന്നു. ദിവസവും സമയവും സ്ഥലവും ഒക്കെ തീരമാനിച്ചാണ് ഡേറ്റിംഗ് ഉറപ്പിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായതോടെ മൊബൈല്‍ വഴി മെസേജ് അയച്ചാണ് ഡേറ്റിംഗ് ഉറപ്പിക്കുന്നത്.
നാലു രൂപയുടേതു മുതല്‍ അമ്പതു രൂപയുടേത് വരെയുള്ള ഡേറ്റിംഗ് കാര്‍ഡുകള്‍ വിപണിയിലുണ്ട്. ഇവ എല്ലാകാലത്തും ഉപയോഗിക്കാന്‍ തക്ക രീതിയിലുള്ളവയാണ്. കാമ്പസ്സുകളുടെ അടുത്തുള്ള ഷോപ്പുകളില്‍ ഇപ്പോള്‍ ഡേറ്റിംഗ് കാര്‍ഡ് എന്നത് പ്രധാനപ്പെട്ട ബിസിനസ്സായി മാറിയിരിക്കുകയാണ്.
പ്രണയം വഴിമാറുന്നത്
കാമ്പസ്സുകളില്‍ നിന്ന് പ്രണയം വഴിമാറുന്നതെന്തുകൊണ്ട് എന്നതിനു നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ വന്ന മാറ്റത്തെ അടിസ്ഥാനമാക്കിയാണ് മിക്കവാറും അന്വേഷണങ്ങള്‍ നടന്നിട്ടുള്ളത്. പഴയ മാംസനിബദ്ധമല്ല രാഗം എന്ന ആദര്‍ശം മാറുകയും മംസനിബദ്ധമായി മാത്രം കാമ്പസ്സുകളില്‍ പ്രണയം മാറുകയും ചെയ്യുന്നതിന്റെ യാഥാര്‍ത്ഥ്യങ്ങളാണ് ഇവയൊക്കെയും വെളിച്ചത്തു കൊണ്ടു വരുന്നത്. പുതുതലമുറയുടെ മനസ്സിനെ ഇത്തരത്തില്‍ പരിവര്‍ത്തിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരിക്കുന്നത് നമ്മുടെ ദൃശ്യമാധ്യമങ്ങളാണ്. സിനിമയിലും ടി.വി ചാനലുകളിലും കാണുന്ന ജീവിതമാണ് പലപ്പോഴും ഇവര്‍ മാതൃകയാക്കുന്നത്. ചാനലുകളുടെ ചടുലവും മാസ്മരിവുമായ ഒരു ലോകം മനസ്സിനേയും ബുദ്ധിയേയും കീഴടക്കുന്നതിന്റെ പ്രതിഫലനങ്ങളാണ് കാണുന്നത്. ഇത്തരത്തില്‍ ഒരു മാറ്റമാണ് പ്രണയത്തിലും സംഭവിച്ചിരിക്കുന്നത്. ആണ്‍പെണ്‍ ബന്ധത്തില്‍ വന്നു കഴിഞ്ഞ അരാജകത്വത്തെ സ്ത്രീ മാസികകളടക്കം അവതരിപ്പിക്കുന്നത് വളരെ പോസറ്റീവായാണ്. അതിനുമപ്പുറം പ്രസക്തിയുള്ള കാമ്പസ്സിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാകട്ടെ ഇത്തരം കാര്യങ്ങളെ ഗൗരവബുദ്ധിയോടെഇനിയും കാണാന്‍ ശ്രമച്ചിട്ടുമില്ല. ലൈംഗികത, അക്രമം, ഹിംസ, വാസന എന്നിവയുടെ പരീക്ഷണശാലകളായി നമ്മുടെ കാമ്പസ്സുകളുടെ മുഖം മാറുന്നതിനെ മോഡേണ്‍ ആയി ചിത്രീകരിക്കുന്നതില്‍ മാധ്യമങ്ങളും കമ്പോളതാത്പര്യങ്ങളും മുന്നിട്ടിറങ്ങുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ വളരെ വലുതാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് കടമെടുത്ത ഡേറ്റിംഗും വാലന്റൈന്‍സ് ഡേയുമെല്ലാം നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാകുമ്പോളിത്തരം കുത്തകകളുടെ മാര്‍ക്കറ്റിംഗിനെയാണ് നമ്മള്‍ വളര്‍ത്തിയെടുക്കുന്നത്
'ഡിസ്പോസിബിള്‍'
ഉപയോഗിക്കുക വലിച്ചെറിയുക' എന്ന തത്വശാസ്ത്രമാണ് കമ്പോളം പുതിയ കാലത്ത് നമ്മെ പഠിപ്പിക്കുന്നത്. സ്ത്രീപുരുഷ ബന്ധത്തിലും ഇന്നേറെ കുറെ ഡിസ്പോസിബിള്‍ സ്വഭാവം വന്നുകഴിഞ്ഞു. സ്ത്രീയെ ആയാലും പുരുഷനെ ആയാലും ഉപയോഗിക്കുകു ഉപേക്ഷിക്കുക എന്ന രീതിയില്‍ ട്യൂണ്‍ടാകാന്‍ മലയാളികള്‍ക്കും കഴിയുന്നു.എയിഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി കേരളത്തില്‍ നടപ്പാക്കി കഴിഞ്ഞ ‘എനി കോണ്ടം‘ ദ്ധതി വിജയമായി എന്നവകാശപ്പെടുമ്പോള്‍ തന്നെ കാമ്പസ്സുകളെ എങ്ങനെ ഇതു സ്വാധീനിച്ചു എന്നു കൂടി നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മെട്രോപൊളിറ്റിന്‍ നഗരങ്ങളായ മുംബൈ, ഡല്‍ഹി, കല്‍ക്കത്ത എന്നിവിടങ്ങളിലെ കാമ്പസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ കോണ്ടം എടുക്കാനുള്ള വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം ഒരു ദിവസം ഇവിടെ നിന്നു ചെലവാകുന്ന ഉറകളുടെ കണക്ക് ഞെട്ടിക്കുന്നതാണ്.' ഇന്നത്തെ കാമ്പസ് ലോകത്തിന്റെ വാലല്ല. ഇനിയും പിറന്നില്ലാത്ത ലോകത്തിന്റെ ശിരസ്സാണ് ', അധ്യാപകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ അഭിപ്രായപ്പെടുന്നു. കാമ്പസ്സുകളില്‍ നിലനില്‍ക്കുന്ന കൃത്രിമവും പലപ്പോഴും താത്കാലികവുമായ ഒരു മാസ്മരികതയെ നേരിട്ടറിയുന്ന ഒരധ്യാപകന്റെ കാഴ്ച ഈ വാക്കുകളിലുണ്ട്. അതുകൊണ്ട് തന്നെ യുവതയെകുറിച്ചുള്ള അന്വേഷണങ്ങളൊക്കെയും കാമ്പസ്സിനെ ചുറ്റിപ്പറ്റിയാകുന്നത് കാമ്പസ്സുകള്‍ പ്രണയകാലങ്ങളുടെ പൂര്‍ണ്ണരൂപങ്ങളായതുകൊണ്ടാണ്.
Posted by ദീപേഷ് ചക്കരക്കല്‍ at 9:12 AM 0 comments
Posted by ദീപേഷ് ചക്കരക്കല്‍ at 9:12 AM 0 comments
Subscribe to:
Posts (Atom)