ചിദാകാശം
Wednesday, March 13, 2013
Saturday, March 31, 2012
കൊണ്ടുപോകല്‍
1
കാത്തു കാത്തിരുന്നു
വരുമെന്ന് നിനച്ചത്
മറുവഴി
കൊണ്ടുപോയി.
ഓര്‍ത്തോര്‍ത്തിരുന്നു
മനസ്സില്‍ സുക്ഷിച്ചത്
മറവി
കൊണ്ട് പോയി.
വാക്കൊര്‍ത്തിരുന്നു
പറയാന്‍ നിനച്ചത്
വിക്ക്
കൊണ്ട് പോയി
കാതോര്‍ത്തിരുന്നു
കേള്‍ക്കാന്‍ കൊതിച്ചത്
കാറ്റ്
കൊണ്ടുപോയി.
ഓടിയോടി
പറന്നു പറന്നു
നീന്തി നീന്തി
ഞാന്‍ നിന്റടുത്തെത്തും മുന്‍പേ
എന്നെ
വല കൊണ്ടുപോയി
2
തിരിച്ചടവ് മുടങ്ങിയതിനാല്‍
കടം പെരുകിയ
ഭുമിയെ
ആകാശത്തെ
ബാങ്ക് ജപ്തി ചെയ്തു
കൊണ്ട് പോയി.
നാലുവരിപ്പാതമുറിച്ചു കടക്കുന്ന
ശവഘോഷ യാത്രയെ
ടോള്‍ പിരിവുകാരന്‍
കൊണ്ടുപോയി.
ഒടുവില്‍
കൊണ്ട് പോകരുതേ
എന്ന് നിലവിളിക്കുന്ന നാക്കിനെ
മരണം
കൊണ്ടു പോയി.
1
കാത്തു കാത്തിരുന്നു
വരുമെന്ന് നിനച്ചത്
മറുവഴി
കൊണ്ടുപോയി.
ഓര്‍ത്തോര്‍ത്തിരുന്നു
മനസ്സില്‍ സുക്ഷിച്ചത്
മറവി
കൊണ്ട് പോയി.
വാക്കൊര്‍ത്തിരുന്നു
പറയാന്‍ നിനച്ചത്
വിക്ക്
കൊണ്ട് പോയി
കാതോര്‍ത്തിരുന്നു
കേള്‍ക്കാന്‍ കൊതിച്ചത്
കാറ്റ്
കൊണ്ടുപോയി.
ഓടിയോടി
പറന്നു പറന്നു
നീന്തി നീന്തി
ഞാന്‍ നിന്റടുത്തെത്തും മുന്‍പേ
എന്നെ
വല കൊണ്ടുപോയി
2
തിരിച്ചടവ് മുടങ്ങിയതിനാല്‍
കടം പെരുകിയ
ഭുമിയെ
ആകാശത്തെ
ബാങ്ക് ജപ്തി ചെയ്തു
കൊണ്ട് പോയി.
നാലുവരിപ്പാതമുറിച്ചു കടക്കുന്ന
ശവഘോഷ യാത്രയെ
ടോള്‍ പിരിവുകാരന്‍
കൊണ്ടുപോയി.
ഒടുവില്‍
കൊണ്ട് പോകരുതേ
എന്ന് നിലവിളിക്കുന്ന നാക്കിനെ
മരണം
കൊണ്ടു പോയി.
Sunday, June 12, 2011
Monday, December 8, 2008
അനന്തരം ഒരു പ്രണയാകാശം
വിരഹത്തിന്റെ കൊടും ചൂടില്‍ നിന്ന് യക്ഷന്‍ അളകയിലുള്ള തന്റെ പ്രിയതമയ്ക്ക് അയയ്കുന്ന പ്രണയ സന്ദേശത്തിനു (മേഘസന്ദേശത്തിനു) ലോകഭാഷകളില്‍ത്തന്നെ നിരവധി പാഠാന്തരങ്ങളും പുനസൃഷ്ടികളുമുണ്ടായിട്ടുണ്ട്. എത്ര തവണ ആവര്‍ത്തിച്ചാലും ഈ ഭൂമിയില്‍ പിന്നെയും പിന്നെയും പ്രണയം പൂത്തു വിടരുന്നപോലെ കാളിദാസഭാവനയുടെ രക്തസിന്ദൂരമായ മേഘഛായകളും തരുണമനസ്സുകളെ എന്നെന്നും പ്രണയസാന്ദ്രമാക്കുന്നു.
കാളിദാസന്റെ മേഘസന്ദേശത്തിന്റെ വായനാനുഭവത്തില്‍ നിന്ന്)
ഒന്ന്
ഭ്രമണവേഗം പോലെ കണ്ണിലുല്‍ക്കകള്‍ പെയ്യുന്ന
സൌരയൂഥ പ്രണയ ഗമനങ്ങളില്‍
വിക്ഷുബ്ധമായ് തീക്ഷ്ണമുന്മാദ മേഘങ്ങളില്‍
നീയറിയാത്തതും,
ഞാനിതുവരെ പറയാത്തതുമായ വാക്കുകള്‍
വിരഹക്കൊടും ചൂടിലിന്നെന്തിനൊ വേണ്ടി
പകര്‍ത്തുന്നു ഞാന്‍.
ഘനീഭൂതമോര്‍മ്മകള്‍,
ദൂരെ നിന്‍ കൈവഴികള്‍ തേടി
കാറ്റിനോടോപ്പം കുതിക്കയും
പ്രത്യായനം കാത്ത് കണ്ണുകള്‍
കാഴ്ച തന്‍ പടിവാതിലോളം നടക്കയും
ഋതുശോഭകള്‍ പൂത്തു മറയുന്ന സാനുവില്‍
വിജനതയില്‍, വന്യമാം സംന്ത്രാസ-
മെന്നിന്‍ തറയ്ക്കയും
ഞാനെന്തിനെന്നറിയാതെ
അലറി വിളിക്കയും ചെയ്യുന്നു.
ക്രൌര്യം പടര്‍ത്തും കൊടുംവെയില്‍
തൃഷ്ണതന്‍ തീനാളമാളിപ്പിടയുന്ന മാനസം
ശമനിയമങ്ങള്‍ തകര്‍ത്തെന്റെ കണ്ണുകള്‍
നിന്നെയെങ്ങോ തിരയുന്നു.
നിമിഷനേരംകൊണ്ട് ദിക്കാല സംജ്ഞകള്‍
കണ്‍മുന്നില്‍ പൊട്ടിത്തകര്‍ന്നു വീഴുന്നു.
ദൂരങ്ങള്‍ താണ്ടുവാനാകാതെ,
നിന്റെ വഴിയറിയാതെ
വാക്കുകള്‍ വായുവിന്‍ ഘനമൂകതയ്ക്കുള്ളില്‍ മറയുന്നു
എന്റെ യക്ഷനിശ്വാസങ്ങള്‍ മേഘരൂപം പൂണ്ട്
അളകയില്‍ യാത്രയ്ക്കൊരുങ്ങി നില്‍ക്കുന്നു
ത്ധടുതിയില്‍ പറയുന്നു:
‘സന്ദേശമെന്താണ്‍ പറയൂ'
പോകേണ്ട വഴി തിരയ്ക്കുന്നു.
രണ്ട്
ബോധങ്ങളില്‍ തമോഗര്‍ത്തങ്ങളാടുന്നു
ചിതാകാശ മണ്ഡലം പൊട്ടിത്തെറിക്കുന്നു
ചിലന്തി വലപോലെ നീര്‍ത്തിട്ടിരിക്കുന്ന
നവ ഭൂപടങ്ങളില്‍
എന്റെ അടയാള വാക്യങ്ങളെവിടെ ?
തണുവിരല്‍ത്തലോടലായ് നുരയുന്ന കനിവിന്റെ
സ്നേഹപ്രവാഹങ്ങളെവിടെ ?
ഓര്‍മ്മ തന്‍ കാറ്റനക്കങ്ങളില്‍ പൂക്കുന്ന കണ്ണും
തുടു സന്ധ്യകള്‍ കടുംതുടി കൊട്ടിയുണരും
കിനാവിന്‍ മഹാകാളവും
എവിടെ മാളവത്തിന്നൂഴി വാനങ്ങളില്‍
കവിതയായ് ചിറകടിക്കും ശ്യാമ മേഘങ്ങളും?
നഗരരാത്രി തന്‍ തീ നിലാവത്ത്
വില്‍ക്കുവാനായി വച്ച തുടുത്ത മാംസത്തിന്‍
പ്രദര്‍ശനാലയം
കണ്ണിറുക്കിയിന്നാരെ വിളിക്കുന്നു?
ആള്‍ത്തിരക്കില്‍ ഞാനാകെ പകച്ചു നില്‍ക്കുന്നു.
പലനിറങ്ങളില്‍ നടനമാടുന്ന
ഉള്ളിലൂറാത്ത പ്രണയനാടകം
രുചിച്ചെറിയുന്ന വഴിക്കവലയില്‍
തനിച്ചു നില്‍ക്കുമ്പോള്‍
വിളിക്കയാണു ഞാന്‍ വീണ്ടുമെന്നിലെ
കരള്‍ത്തിളപ്പിക്കും കനലുമായി നീ
വരിക മേഘമേ,
ധൂമസലില മരുതമായ്
എന്റെ പ്രണയ വാനില്‍ നീ
വരിക മേഘമേ
തരികവീണ്ടുമാ സ്മൃതിപ്പകര്‍ച്ചകള്‍.
Sunday, October 12, 2008
പരദേശി
നാട്ടിലേക്കു മടങ്ങുമ്പോള്‍
ഒരു കൊതിക്കനം
നെഞ്ചില്‍.
പച്ചക്കാവടിയാട്ടം
പൂരപ്പകല്‍
വേലപ്പുകില്‍
മഴനൂല്‍ത്തിറയാട്ടം
കണ്‍നിറയേ
കാതറിയേ.
വീട്ടിലേക്കു പുറപ്പെടുമ്പോള്‍
ഒരു പൊതിക്കനം
കയ്യില്‍
നഷ്ടരാത്രികളുടെ
ജന്മത്തുകില്‍ത്തൂക്കം
നക്ഷത്രദൂരം.
കുഞ്ഞിവായ്ക്ക്
മിഠായിമധുരം.
അമ്മ വായ്ക്ക്
മരുന്നിന്‍
മൃതസഞ്ജീവനി.
ചെപ്പിലടച്ച
ഊദിന്‍ ഭൂതാവേശം
കൊമ്പ് കുലുക്കുന്നു
കിനാച്ചില്ലമേല്‍.
മുകില്‍ശയ്യയില്‍
നിന്റെ കാര്‍മേഘ
പെയ്ത്തുകള്‍.
വണ്ടിയിറങ്ങുമ്പോള്‍
വഴിയറിയുന്നില്ല
വീടറിയുന്നില്ല.
ഉപ്പുകാറ്റിന്‍ തലപ്പത്ത്
തെങ്ങോലക്കളിയാട്ടം
വഴികാട്ടുന്നു
ദൂരെ.. ദൂരെ…
Friday, September 19, 2008
സുസന്ന
( 2001 ല്‍ പുറത്തിറങ്ങിയ ടി.വി ചന്ദ്രന്റെ
സൂസന്ന എന്ന സിനിമ പകര്‍ന്നു തന്ന
ദൃശ്യാനുഭവത്തില്‍ നിന്ന് )
സൂസന്നാ
നീ ചിരിക്കുകയായിരുന്നു.
വേദനയുടെ അമാവാസികളില്‍
വാതായനങ്ങളും തുറന്നു വച്ച്
നക്ഷത്രങ്ങളെ മുലയൂട്ടി,
മുറി നിറയെ മെഴുകുതിരികള്‍
കത്തിച്ചു വച്ച്,
വേനല്‍ മഴ പോലെ
പള്ളിമണികള്‍ പോലെ
നീ പൊട്ടിച്ചിരിക്കുകയായിരുന്നു.
മരുഭൂമിയിലെ കത്തുന്ന വെയിലത്ത്
മഹാവൃക്ഷമായി
ചിറകൊടിഞ്ഞ പറവകള്‍ക്ക്
കൂടൊരുക്കുകയായിരുന്നു.
കാറ്റത്തു കൊഴിഞ്ഞു വീണ
അഞ്ചിലകള്‍ക്ക്
സ്നേഹത്തിന്റെ ഹരിതകം
പകര്‍ന്നു നല്‍കി
നീ നഗ്നയാവുകയായിരുന്നു.
നിന്റെ പുതപ്പിനുള്ളില്‍
ശീതം കാഞ്ഞ്
നിന്റെ നനവുകളില്‍
മുഞ്ഞിക്കുളിച്ച്
നിന്റെ മടിത്തട്ടില്‍
കിടത്തിയുറക്കി
സൂസന്നാ
നീ ഋതുദേവതയാവുകയായിരുന്നു.
നീ സ്നേഹത്തിന്റെ കനിയായിരുന്നു
പാപികള്‍ കല്ലെറിഞ്ഞു
മുറിവേല്‍പ്പിച്ച
പാപത്തിന്റെ കനിയായിരുന്നു.
എറിയുവാന്‍
ഒരു കല്ലു കിട്ടിയിരുന്നെങ്കില്‍
സൂസന്നാ നിന്നെയെനിക്കു
സ്വന്തമാക്കമായിരുന്നു.
Saturday, September 13, 2008
സൂചീമുഖത്ത് വെറുതെ...
നീ ഒരു പൂവിന്റെ
പേരായിരുന്നില്ല
നദിയുടെ
നാണമോ
മഴഗന്ധമോ
മഴവില്‍ച്ചിലമ്പോ
അല്ലായിരുന്നു.
ഇലഞരമ്പില്‍
നിന്റെ പച്ചക്കിനാവുകള്‍
ആകാശത്ത്
അക്ഷരപ്പാടുകള്‍
നിറയെ.
തൊടുകുറിച്ചാന്ത്
തൊട്ടില്ല നീ
മഹാമൌനങ്ങളില്‍
കാറ്റായ് പകര്‍ന്നീല നീ
പകുതി വഴി
പകുത്ത്
പഴയിലകളില്‍ ഒന്നും
എഴുതി വച്ചില്ല നീ
കടല്‍ കരയോടു
പറഞ്ഞത്
നഭസ്സ് മുകിലോട്
ചൊന്നത്
നീ എന്നോട്
ഒരിക്കലും പറയാത്തത്
ഓര്‍ത്തു പോകുന്നു ഞാന്‍
വെറുതെ.
നീ ഒരു പൂവായിരുന്നില്ല.
നിറങ്ങള്‍
പുഴു കുത്തിയ
സ്വപ്നമായിരുന്നില്ല
ഞെട്ടറ്റു വീണ ഒരോര്‍മ്മ
വിറച്ചു പായുമ്പോള്‍
വെറുതെ പിടയ്ക്കുന്നു
എന്റെ
സമയസൂചികള്‍
ഹൃദയസൂചികള്‍
Subscribe to:
Posts (Atom)