Thursday, February 28, 2008

കഥാശേഷം




ഒന്ന്
സൂചിക്കുഴലിലൂടെ
എത്ര നര(ക) ജന്മങ്ങള്‍
നൂണു കടന്നാണ്
ഒട്ടകങ്ങള്‍
മണ‍ല്‍ക്കാടുകളിലെത്തുന്നത്.
ചോദ്യചിഹ്നം പോലെ
നീണ്ടുമെലിഞ്ഞ
കഴുത്തു നീട്ടി,
മുറിവായില്‍
വരിതെറ്റിയ ഓര്‍മ്മകള്‍
ചവച്ചുളുക്കി,
നീളന്‍കാലുകള്‍
മണല്‍ക്കുഴികള്‍നാട്ടി,
തപ്തകാലങ്ങളിലേക്ക്
അവ വരിവരിയായി
നടന്നു പോകുന്നു

രണ്ട്
പുറത്ത്
ഭൂതവേതാള ചുമടുകള്‍
അടയിരുന്നതിന്‍
തീത്തയമ്പ് തഴ്യ്ക്കുന്നുണ്ട്
പൂഞ്ഞിന്‍പുറ്റിനുളളില്‍
ചിതല്‍ച്ചുണ്ടുകള്‍
ജന്മശിഷ്ടത്തിന്‍
കൂമ്പ് ചവച്ചരയ്ക്കുന്നുണ്ട്
ജ്വലന വാതങ്ങള്‍
അരണിയായ്
വെയില്‍ കടങ്കഥകള്‍
കടഞ്ഞ് കാതിലലയ്ക്കുണ്ട്
കടലു തേടുന്ന കരിനിഴല്‍
പകലന്തികള്‍
കണ്ണിലിരമ്പുന്നുണ്ട്
മൂന്ന്
കഥാശേഷം
ഒട്ടും അകവും പുറവുമില്ലാതെ
ഒട്ടകങ്ങള്‍
കൊഴിഞ്ഞ രോമക്കുഴലിലൂടെ
നിളയായ്
പുനര്‍ജ്ജനിക്കാന്‍
സൂചിക്കുഴലു തേടുന്നു.

Tuesday, February 12, 2008

ശമന വഴി






നിന്റെ രുചിക്കു
ഒരു കറിവേപ്പില പോലെ
വലിച്ചെറിയണമെനിക്കെന്നെ


നിന്റെ ദാഹത്തിനു
വെയില്‍ നദി തിമര്‍പ്പുകള്‍

കുറുകുന്നൊരോര്‍മ്മയില്‍
കാലടിപ്പാടുകള്‍
നിളത്തുടര്‍ച്ചകള്‍

ആകാശവും ഭുമിയും
തൊട്ടു നക്കി പഴയിലകളുടുത്ത്
പടിഞ്ഞാറന്‍
ചക്രവാളത്തില്‍
മുങ്ങിവരട്ടെ ഞാന്‍

കാത്തിരിക്കരുത്
നാക്കിലയില്‍
പിണ്ഡമുരുട്ടിയെറിഞ്ഞു
എന്നെ നക്ഷത്രമാക്കരുത്
ആരും....

Saturday, February 9, 2008

ചിറകടി അകത്തു നിന്നു പുറത്തേക്കു


ജീവിതത്തെക്കുറിച്ച്
ഓരോരുത്തരും ഓരൊ
സ്വപ്നങ്ങള്‍കാണുന്നു.
അതിന്റെ അതിരുകളില്ലാത്ത
ആകാശങ്ങളില്‍
പാറിക്കളിക്കുകയും
ഒടുവില്‍ ‍ചിറകറ്റു വീഴുകയും
ചെയ്യുന്നു.

ആകാശത്തും വരണ്ട ഈ മണ്ണിലും
ചിതറിക്കിടക്കുന്ന ചിറകുകളും
ഈ തുവലുകളും ആരുടേതാണ് ?
കടലില്‍നിന്നു
ഓരോ തിരയും
കരയിലേക്കു ചിറകടിച്ചു പറക്കുകയാണ്.