Thursday, February 28, 2008

കഥാശേഷം




ഒന്ന്
സൂചിക്കുഴലിലൂടെ
എത്ര നര(ക) ജന്മങ്ങള്‍
നൂണു കടന്നാണ്
ഒട്ടകങ്ങള്‍
മണ‍ല്‍ക്കാടുകളിലെത്തുന്നത്.
ചോദ്യചിഹ്നം പോലെ
നീണ്ടുമെലിഞ്ഞ
കഴുത്തു നീട്ടി,
മുറിവായില്‍
വരിതെറ്റിയ ഓര്‍മ്മകള്‍
ചവച്ചുളുക്കി,
നീളന്‍കാലുകള്‍
മണല്‍ക്കുഴികള്‍നാട്ടി,
തപ്തകാലങ്ങളിലേക്ക്
അവ വരിവരിയായി
നടന്നു പോകുന്നു

രണ്ട്
പുറത്ത്
ഭൂതവേതാള ചുമടുകള്‍
അടയിരുന്നതിന്‍
തീത്തയമ്പ് തഴ്യ്ക്കുന്നുണ്ട്
പൂഞ്ഞിന്‍പുറ്റിനുളളില്‍
ചിതല്‍ച്ചുണ്ടുകള്‍
ജന്മശിഷ്ടത്തിന്‍
കൂമ്പ് ചവച്ചരയ്ക്കുന്നുണ്ട്
ജ്വലന വാതങ്ങള്‍
അരണിയായ്
വെയില്‍ കടങ്കഥകള്‍
കടഞ്ഞ് കാതിലലയ്ക്കുണ്ട്
കടലു തേടുന്ന കരിനിഴല്‍
പകലന്തികള്‍
കണ്ണിലിരമ്പുന്നുണ്ട്
മൂന്ന്
കഥാശേഷം
ഒട്ടും അകവും പുറവുമില്ലാതെ
ഒട്ടകങ്ങള്‍
കൊഴിഞ്ഞ രോമക്കുഴലിലൂടെ
നിളയായ്
പുനര്‍ജ്ജനിക്കാന്‍
സൂചിക്കുഴലു തേടുന്നു.

Tuesday, February 12, 2008

ശമന വഴി






നിന്റെ രുചിക്കു
ഒരു കറിവേപ്പില പോലെ
വലിച്ചെറിയണമെനിക്കെന്നെ


നിന്റെ ദാഹത്തിനു
വെയില്‍ നദി തിമര്‍പ്പുകള്‍

കുറുകുന്നൊരോര്‍മ്മയില്‍
കാലടിപ്പാടുകള്‍
നിളത്തുടര്‍ച്ചകള്‍

ആകാശവും ഭുമിയും
തൊട്ടു നക്കി പഴയിലകളുടുത്ത്
പടിഞ്ഞാറന്‍
ചക്രവാളത്തില്‍
മുങ്ങിവരട്ടെ ഞാന്‍

കാത്തിരിക്കരുത്
നാക്കിലയില്‍
പിണ്ഡമുരുട്ടിയെറിഞ്ഞു
എന്നെ നക്ഷത്രമാക്കരുത്
ആരും....

Saturday, February 9, 2008

ചിറകടി അകത്തു നിന്നു പുറത്തേക്കു


ജീവിതത്തെക്കുറിച്ച്
ഓരോരുത്തരും ഓരൊ
സ്വപ്നങ്ങള്‍കാണുന്നു.
അതിന്റെ അതിരുകളില്ലാത്ത
ആകാശങ്ങളില്‍
പാറിക്കളിക്കുകയും
ഒടുവില്‍ ‍ചിറകറ്റു വീഴുകയും
ചെയ്യുന്നു.

ആകാശത്തും വരണ്ട ഈ മണ്ണിലും
ചിതറിക്കിടക്കുന്ന ചിറകുകളും
ഈ തുവലുകളും ആരുടേതാണ് ?
കടലില്‍നിന്നു
ഓരോ തിരയും
കരയിലേക്കു ചിറകടിച്ചു പറക്കുകയാണ്.

Thursday, January 17, 2008

പ്രണയ വേനല്‍





പകുത്തു തന്നതാം പകുതി മാനസം
തിരിച്ചു തന്നിനി മറവതെങ്ങു നീ.
വരണ്ട കണ്ണിലേക്കിറങ്ങി നില്‍ക്കുമീ
മെലിഞ്ഞ കാഴച തന്നകപ്പെരുക്കത്തില്‍
വിളിച്ചലറി ഞാനിരിക്കവെ, വെയില്‍
ത്തിടുക്കമെറി ഞാന്‍വിയര്‍ക്കവെ, നിഴ-
ലുടുത്തു സന്ധ്യയെന്‍മിഴിക്കുമപ്പുറം
വിളിക്കുമപ്പുറം ചരിക്കവെ, പുരാ-
മൊഴികള്‍വീണിടം വികലബോധത്തിന്‍
തുരുമ്പു താളുകളുടഞ്ഞു കാണവെ…

പ്രണയ വേനലിന്‍ തണല്‍മരങ്ങളില്‍
നിഴലുമീര്‍പ്പവുമുണഞ്ഞിയീറനാം-
മൊരൊര്‍മ്മ തന്‍പഴയിലകളായി നാം
അടര്‍ന്നു വീഴുന്ന വിഷാദമെങ്കിലും
കിനാവൊരുഞ്ഞുന്ന സുഷുപ്തിയില്‍
വിഷം കുടിച്ചുറങ്ങുവാന്‍കൊതിക്കും നിന്നെ ഞാന്‍
വിളിക്കെ, യുള്‍വിളിയലകടലിന്റെ
വിറയ്ക്കും ഭിത്തിമേലുടഞ്ഞു വീഴുവേ.

അഗാധനീലിമ കടംകൊള്ളും നിന്റെ
തുളുമ്പും നാരായമെടുത്തെഴുതുവാന്‍
കൊതിക്കെ നിന്‍നീല നിമീലിത മിഴി-
ക്കകത്തെ നക്ഷത്രം വെളിച്ചം കാട്ടുന്നു.

മഴവിരലുകള്‍ പനിച്ച നെറ്റിയില്‍
കുറിച്ചു വയ്ക്കുമീ ശ്ലഥാക്ഷരങ്ങളെ
നിനക്കു വേണ്ടി ഞാന്‍പെറുക്കി വയ്ക്കുന്നു.

കരിഞ്ഞ ചില്ലയില്‍ വസന്തശോണിമ
തിരികെയെതുവാന്‍ ഒരിക്കല്‍കൂടി ഞാന്‍
കവിത കോര്‍ക്കുന്നു.

Wednesday, December 19, 2007

തീയും വിറകും


നീ എന്റെ മനസ്സിലേക്കു
വാക്കുകള്‍
കൊണ്ടു വന്നു.

നിറങ്ങളും
സ്വപ്നങ്ങളും
കൊണ്ടു വന്നു.
ആകാശവും
ഭൂമിയുംകൊണ്ടു വന്നു.

നീ കനലായിരുന്നു.
ഞാന്‍ വിറകും.

Tuesday, December 18, 2007

കറമോസ്




വീട്ടു വളപ്പിലെ
കറമോസ്
പഴുക്കും മുന്‍പെ
തീര്‍ന്നു.

കാക്കകള്‍
പ്രാവുകള്‍
കൊച്ചു കൊച്ചു കിളികള്‍
കൊത്തിത്തീര്‍ത്ത
വലിയ ഒരു തുളയായി അത്‘.

അരപ്പട്ടിണിക്കാരന്ടെ
കൊതിക്കു മുന്നില്‍
ഒരു ശൂന്യാകാശം വളര്‍ന്നു.

ഉരുണ്ട് വീഴുന്ന
കുരുക്കള്‍ പതുക്കെ പറഞ്ഞു
ഞാനും വളരട്ടെ
ഞാനും വളരട്ടെ...

ഞാനാകട്ടെ
അവയെ ചവിട്ടി മെതിച്ച്
വന്നവഴിയെ തിരിച്ചു പോയി.

Monday, December 17, 2007

ചൊറിച്ചില്‍




കാലം ഏതുമാവട്ടെ
കടുവകള്‍
സിംഹം
പുലികള്‍
മെയുന്ന കാടും

മലകള്‍
പുഴകള്‍
പാടങ്ങള്‍
പാടുന്ന നാടും

തിരകള്‍
മീനുകള്‍
വള്ളങ്ങള്‍


തുഴയുന്ന കടലും
താണ്ടുമ്പോള്‍

പാഠപുസ്തകത്തിലെ
ആധുനീകതയും
ഉത്തരാധുനീകതയും
കാല്‍വണ്ണയില്‍
‍ചൊറിയുന്നു.